Monday, 3 December 2012

҉YOUR-MAILS GROUP ҉ സമൂഹ പാചകം




സമൂഹപാചകം 


അമ്മൂമ്മയ്ക്ക് വലിയൊരു ചോറുകലമുണ്ടായിരുന്നു, കുഞ്ഞുന്നാളില്‍ എനിക്കൊപ്പം പൊക്കമായിരുന്നു അതിന്. പത്തറുപതു പേര്‍ക്കുള്ള ചോറ് എന്നും ആ കലത്തിലുണ്ടായിരുന്നു. ഞാന്‍ വളര്‍ന്നു കൊണ്ടിരുന്നു, ചോറുകലമാകട്ടെ ചെറുതായി ചെറുതായിട്ടാണ് വന്നത്. അറുപതോളം പേര്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന കുടുംബം അഞ്ചോ ആറോ പേരിലൊതുങ്ങി. ഒടുവില്‍ അമ്മൂമ്മ മരിക്കുമ്പോള്‍ അതൊരു കുഞ്ഞിക്കലമായി. ആ കലത്തിലാണ് ഞാനെന്റെ അടുക്കളജീവിതം ആരംഭിച്ചത്. അതിനി വലുതാകുമെന്ന് തോന്നുന്നില്ല. കുടുംബം വലുതാകുമ്പോഴല്ലേ കലവും വലുതാകുക. ല സാ ഗു പോലെയാണ് കുടുംബം, എത്രമാത്രം ചെറുതാക്കാമോ അത്രക്കും അത്രക്കും. ഒടുവില്‍ ഒറ്റയ്ക്ക്. 

അമ്മൂമ്മയുടെ വലിയ കലത്തെക്കുറിച്ചോര്‍ക്കുന്നത് പത്രം വായിക്കുമ്പോഴും ടെലിവിഷനില്‍ വാര്‍ത്ത കേള്‍ക്കുമ്പോഴുമൊക്കെയാണ്. അനുദിനം കുതിച്ചുകയറുന്ന സാധനവില, ഗ്യാസിന്റെ ദൗര്‍ലഭ്യം, ലോഡ് ഷെഡ്ഡിംഗ്, കുടിവെള്ളക്ഷാമം - ദുഷ്‌ക്കരജീവിതം.
കുടുംബകോടതികളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത് വിവാഹമോചനങ്ങള്‍ കണക്കില്ലാതെ പെരുകുന്നുവെന്നാണ്. മാറിയ ജീവിതസാഹചര്യങ്ങള്‍ വിവാഹമെന്ന സ്ഥാപനത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്നുവെന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാര്‍.

പണ്ട് വീടും, പുറംലോകവും തമ്മിലുള്ള വ്യത്യാസം സ്ത്രീക്കും പുരുഷനുമെന്ന് വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിരുന്നു. അന്ന് പുരുഷന്‍ പുറത്ത് ജോലി ചെയ്ത് പണം കൊണ്ട് വന്നിരുന്നു, സ്ത്രീ അതുപയോഗിച്ച് വീട്ടുകാര്യങ്ങള്‍ നോക്കി.

കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി പരിണമിച്ചപ്പോള്‍ ജീവിതച്ചെലവുകള്‍ താങ്ങാന്‍ ഒരാളുടെ വരുമാനം പോരാ എന്നായപ്പോള്‍ വീട്ടിനുള്ളിലെ സ്ത്രീക്ക് പുറത്ത് ജോലിക്ക് പോയേ തീരൂവെന്നായി. വിദ്യാഭ്യാസവും ഉദേ്യാഗവും നേടിയ സ്ത്രീ വീടിന്റെ സാമ്പത്തികബാധ്യത പങ്കിട്ടതിനൊപ്പം വാഹനങ്ങള്‍ ഓടിക്കാനും കുടുംബത്തിനു വേണ്ടി വീട്ടിന് പുറത്തുള്ള കാര്യങ്ങള്‍ അനേ്വഷിക്കാനും ഒക്കെ തയ്യാറായി. പക്ഷേ, പലയിടത്തും വീട്ടിനുള്ളിലെ ഉത്തരവാദിത്വങ്ങള്‍ പങ്കിടാന്‍ പുരുഷന്‍ സന്മനസ്സ് കാട്ടിയില്ല. കഴിഞ്ഞ തലമുറകളിലെ ഉദേ്യാഗസ്ഥകള്‍ വീടും ഓഫീസും പൊരുത്തപ്പെടുത്തി അരഞ്ഞ് തീരുന്ന ജീവിതം പിറുപിറുത്ത് സഹിക്കാന്‍ തയ്യാറായി. പുതിയ തലമുറക്ക് അത്തരം സഹനങ്ങളില്‍ അര്‍ത്ഥം കണ്ടെത്താന്‍ കഴിഞ്ഞില്ല. ആണ്‍പെണ്‍ വിവേചനങ്ങള്‍ അധികമറിയാതെ തലമുറ പഠിത്തത്തിലും ഉദേ്യാഗത്തിലും പുരുഷനൊപ്പം നില്‍ക്കുകയും വീട്ടില്‍ വന്ന് കഴിയുമ്പോള്‍ പഴയ അമ്മ റോള്‍ എടുക്കുകയും ചെയ്യുന്നത് എന്തിനെന്ന് ചിന്തിക്കാന്‍ തുടങ്ങി. വിവാഹമോചനനിരക്ക് വര്‍ദ്ധിക്കാന്‍ മറ്റൊരു കാരണവും വേണ്ടല്ലോ.

ഒരേപോലെ ജോലിചെയ്ത് ഒരേ ശമ്പളം വാങ്ങി മടങ്ങിയെത്തി പുരുഷന്മാര്‍ സോഫയില്‍ കിടന്ന് ടി.വി കാണുകയും കമ്പ്യൂട്ടറില്‍ സൗഹൃദക്കൂട്ടായ്മ തീര്‍ക്കുകയും ചെയ്യുമ്പോള്‍ താനെന്തിന് അടുക്കളയില്‍ പാത്രം കഴുകി ഭക്ഷണമുണ്ടാക്കി ക്ഷീണിക്കുന്നു എന്ന് ചോദിക്കുന്ന പുതിയ പെണ്‍കുട്ടികള്‍ അടുക്കളയുടെ നിര്‍വ്വചനം മാറ്റിയെഴുതിയേ തീരൂ എന്ന് ശഠിക്കുന്നവരാണ്. 

അമ്മൂമ്മയുടെ വലിയ ചോറ് കലം ഓര്‍മ്മയിലെത്തുന്നത് ഇത്തരം അവസരങ്ങളില്‍ക്കൂടിയാണ്.

എന്തുകൊണ്ട് അത് മടക്കിയെടുത്തു കൂടാ?

കമ്മ്യൂണിറ്റി കുക്കിംഗ് അഥവാ സമൂഹപാചകം - കേള്‍ക്കുമ്പോള്‍ ഉട്ടോപ്യന്‍ ചിന്തയെന്നൊക്കെ തോന്നാമെങ്കിലും ഭാവിയുടെ വഴി അതാണെന്ന് കരുതുന്നതില്‍ തെറ്റില്ല. വൈകുന്നേരത്തെ പലഹാരങ്ങള്‍ക്ക് നാടെങ്ങുമുള്ള ബേക്കറികള്‍ പരിഹാരമായതോര്‍ക്കുമ്പോള്‍ ദിവാസ്വപ്നമല്ല കാണുന്നതെന്ന് ഉറപ്പാണ്. നാടെങ്ങും കുടുംബശ്രീ യൂണിറ്റുകള്‍ സംഘടിപ്പിച്ച് മാതൃക സൃഷ്ടിച്ചൊരു നാട്ടില്‍ സമൂഹപാചകം ഒരിക്കലും വെല്ലുവിളിയാവില്ല.

സമൂഹപാചകം അമ്മൂമ്മയുടെ വലിയ ചോറ് കലത്തെ മടക്കിക്കൊണ്ടുവരലാണ് - ഒരുപാട്‌പേര്‍ക്ക് ഒരുമിച്ച് ആഹാരമുണ്ടാക്കലാണ്. നമ്മുടെ നാട്ടിലെ പോലെ ജനസാന്ദ്രത ഏറിയ ഒരിടത്ത് ഏറ്റവും പ്രായോഗികമായ ഒരു കാര്യമാണത്.

ഫ്ലാറ്റുകളില്‍, റസിഡന്റ്‌സ് കോളനികളില്‍, നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ കുറേയേറെ ആളുകള്‍ക്ക് വേണ്ടി ഒരുമിച്ച് ഭക്ഷണമുണ്ടാക്കി പണവും ഊര്‍ജ്ജവും അദ്ധ്വാനവും സമയവും ലാഭിക്കാനുള്ള പോംവഴി. സമൂഹപാചകത്തിന് ഓരോ ഏരിയയിലും പാചകം ഇഷ്ടമുള്ള, അതിന് വേണ്ടി സമയം ചിലവഴിക്കാന്‍ താല്‍പ്പര്യമുള്ള സംഘങ്ങളെ ഉണ്ടാക്കാം. കുടുംബശ്രീ പോലെ സ്ത്രീകള്‍ മാത്രമാവണ്ട. ഈ സംഘങ്ങളില്‍ സ്ത്രീപുരുഷ ഭേദം വേണ്ട. ആണുങ്ങള്‍ക്കും പാചകകല വശമുണ്ട് എന്നതിന് ഹോട്ടലുകള്‍ ഉദാഹരണമാണല്ലോ. ഒരുമിച്ച് സാധനങ്ങള്‍ വാങ്ങി, ഒരുമിച്ച് പാചകം ചെയ്യുമ്പോള്‍ ഓരോ വീട്ടിലും പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം, ഇന്ധനം, വിദ്യുദ്ച്ഛക്തി, മനുഷേ്യാര്‍ജ്ജം, സമയം ഒക്കെ ലാഭിക്കാം. പാചകം ചെയ്യുന്ന കുറച്ച്‌പേര്‍ ഒഴിച്ചുള്ളവര്‍ക്ക് ആ സമയവും ഊര്‍ജ്ജവും സമൂഹനന്മയ്ക്കു വേണ്ടി പല കാര്യങ്ങള്‍ ചെയ്യാനും വിനിയോഗിക്കാം.

ഭക്ഷ്യസുരക്ഷയുടെ പേരില്‍ ആശങ്കപ്പെടുന്ന നാളുകളാണിത്. ഒപ്പം പാഴാക്കപ്പെടുന്ന ഭക്ഷണത്തെക്കുറിച്ച് ലോകമാസകലം വ്യാകുലതകള്‍ ഉയരുന്നു. ഓരോ വീട്ടിലും പാചകം ചെയ്ത് അധികം വന്ന് നഷ്ടമാകുന്നത് എത്രമാത്രം ഭക്ഷണമാണ്!

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സമൂഹപാചകത്തിന് മറുപടികളുണ്ട്. അടുക്കളമാലിന്യം സംസ്‌ക്കരിച്ച് ബയോഗ്യാസ് നിര്‍മ്മിച്ച് പാചകത്തിന് ഉപയോഗിക്കാന്‍ വഴികള്‍ കണ്ടെത്താം.ഈ സംഘങ്ങള്‍ക്ക് ജൈവ പച്ചക്കറി കൃഷികളിലേക്കുമൊക്കെ ശ്രദ്ധ തിരിക്കാനാവും. 
ഓരോ പാചകസംഘവും ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ഒത്തുചേര്‍ന്ന് ഓരോ ദിവസത്തേക്കും ഉള്ള വിഭവങ്ങള്‍ തീരുമാനിക്കുകയും പാചകരീതികളും അഭിപ്രായങ്ങളും കൈമാറുകയും ചെയ്യാം. ഇതിലൂടെ വളര്‍ത്തിയെടുക്കുന്ന സൗഹൃദമനോഭാവവും സമൂഹബോധവും മറ്റൊരു ഗുണഫലമാണ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന തനതുരുചികളെക്കുറിച്ച്, ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ക്ക് സമൂഹപാചകം സമാധാനമേകും. ബ്രെഡും നൂഡില്‍സും കോണ്‍ഫ്ലേക്കുമൊക്കെ നമ്മുടെ ഭക്ഷണത്തിന്റെ മുഖ്യവിഭവങ്ങളായതിന് പിന്നില്‍ സ്ത്രീകള്‍ക്ക് പാചകത്തിന് സമയവും ആരോഗ്യവും ഇല്ലാതായത് വലിയ ഘടകമാണ്. പുട്ടും, അപ്പവും, ഇടിയപ്പവുമൊക്കെ നമ്മുടെ ഭക്ഷണങ്ങളായി നിലനിര്‍ത്തപ്പെടാന്‍ സമൂഹപാചകത്തിലൂടെ വഴിയുണ്ടാകും. 

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊക്കെ പങ്കെടുക്കാവുന്ന കൂട്ടായ്മകള്‍ ഓരോ പ്രദേശത്തും സൃഷ്ടിക്കപ്പെടാന്‍ സമൂഹപാചകം വഴിയൊരുക്കും. ''വയറിലൂടെ മനസ്സിലേക്ക്'' എന്നല്ലേ പഴമൊഴി. നഷ്ടപ്പെട്ടു പോകുന്ന കൂട്ടുകുടുംബവ്യവസ്ഥയ്ക്ക് ഒരു ബദല്‍. അനേ്യാന്യം അറിയാനും സഹകരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന മനുഷ്യക്കൂട്ടങ്ങള്‍ - എത്ര മനോഹരമാണ് സ്വപ്നങ്ങള്‍. 
മൂന്നുനേരം മുടങ്ങാതെ ഭക്ഷണം വീട്ടിലെത്തുമെന്നായാല്‍ ഉദേ്യാഗസ്ഥകള്‍ക്ക് ഓഫീസ് ജോലിയും വീട്ടുജോലിയും പൊരുത്തപ്പെടുത്തി സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന സംഘര്‍ഷം കുറയും. അവര്‍ക്ക് മാനസിക-ശാരീരിക ആരോഗ്യവും സംരക്ഷിക്കാനാവും. കുടുംബങ്ങളുടെ കെട്ടുറപ്പ് ഉയരും, സ്വസ്ഥമായ സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ വളരും.സാമൂഹിക പാചകം, സ്വന്തം വീട്ടിനുള്ളില്‍ പാചകം ചെയ്ത് കൂലിയില്ലാ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് വരുമാനമാര്‍ഗ്ഗമായും മാറ്റാനാവും. പാചകം അന്തസ്സുള്ള ഒരു കാര്യമായി സ്വീകരിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുകയും ചെയ്യും.

കാലപ്രവാഹത്തില്‍ സമൂഹം കടന്നു പോകുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരങ്ങള്‍ ഉരുത്തിരിഞ്ഞു വരാറുണ്ട്...കൂട്ടത്തില്‍ ഇതുമൊരു പോംവഴിയാകും.

ചെറിയ കലത്തിലെ പാചകം വലിയ കലത്തിലേക്കാവുന്നതിലേക്കുറിച്ചുള്ള ചിന്തകള്‍ അമ്മൂമ്മയുടെ ചോറ് കലത്തിലേക്ക് എത്തിച്ചേരുന്നത് സ്വാഭാവികം മാത്രം.


binakanair@gmail.com

Mathrubhumi

--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment