Tuesday 18 September 2012

҉YOUR-MAILS GROUP ҉ The Chilli is the Star of the Village



ശിരാരഖോങ്ങില്‍ മുളകാണ് താരം

ഇംഫാല്‍: മണിപ്പുരിലെ മഹാദേവ് കുന്നുകളിലെ നാഗാ ഗ്രാമമാണ് ശിരാരഖോങ്. എട്ടിഞ്ച് നീളത്തോളം വളരുന്ന ഒരിനം മുളകാണ് ഇവിടത്തെ താരം.

എരിവിലും നിറത്തിലും ഗുണത്തിലുമൊക്കെ വ്യത്യസ്തനാണ് ഈ മുളക്. മറ്റൊരിടത്തും ഈ മുളക് വളര്‍ത്താന്‍ കഴിയില്ലെന്നതാണ് പ്രത്യേകത. ശിരാരഖോങ്ങില്‍നിന്ന് വിത്ത് ശേഖരിച്ച് തൈ മുളപ്പിച്ച അടുത്ത ഗ്രാമക്കാര്‍പോലും തോറ്റു പിന്‍വാങ്ങി.

ഇന്ന് ഗ്രാമവാസികളുടെ പ്രധാനവരുമാനമാര്‍ഗമാണ് ശിരാരഖോങ് മുളക്. അയല്‍പ്രദേശങ്ങളില്‍ അസൂയ ജനിപ്പിക്കുന്ന 'എരിയന്‍'. മണിപ്പുരില്‍മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും പേരെടുത്ത ഇനമാണ്.

എന്നാല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാറിന്റെ സഹായമൊന്നുമില്ല. ചില സന്നദ്ധസംഘടനകളും സ്വയം സഹായസംഘങ്ങളുമാണ് അവര്‍ക്ക് കൈത്താങ്ങ്.

''ഞങ്ങളിവിടെ പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. എന്നാല്‍ മുളകാണ് പ്രധാന വിള. പക്ഷേ, സര്‍ക്കാര്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല''-ഗ്രാമമുഖ്യനായ വുഗ്ഖയാപ് പറയുന്നു.

നാനൂറോളം കുടുംബങ്ങളിലായി 2200-ലേറെപ്പേര്‍ ഗ്രാമത്തില്‍ മുളകുകൃഷിയിലേര്‍പ്പെട്ടുവരുന്നു. ഓരോ അര്‍ധവര്‍ഷത്തിലും 100-300 കിലോഗ്രാം മുളകുവരെ ഒരു കുടുംബം ഉദ്പാദിപ്പിക്കുന്നു. ഒരു കിലോഗ്രാം ഉണക്കമുളകിന് 200 രൂപവരെ വിലകിട്ടും. പ്രതിവര്‍ഷം 5000 കിലോ മുളകെങ്കിലും ഈ ഗ്രാമത്തില്‍ ഉദ്പാദിപ്പിക്കുന്നുണ്ട്.

ശിരാരഖോങ് ഗ്രാമത്തിലെ പ്രത്യേകതരം മണ്ണും കാലാവസ്ഥയുമാണ് ഈ മുളക് തഴച്ചുവളരാന്‍ കാരണമെന്നാണ് കരുതുന്നത്. ഗ്രാമത്തിലെ നാഗാവിഭാഗക്കാര്‍ ഇപ്പോള്‍ ശിരാരഖോങ് മുളക് ഉത്സവം ആഘോഷിക്കാനും തുടങ്ങിയിട്ടുണ്ട്. ഗുണനിലവാരമുള്ള മുളകിന്റെ പ്രദര്‍ശനവും വില്പനയുമാണ് ഉത്സവത്തിലെ പ്രധാന ഇനം.

കടും ചുവപ്പുനിറമാണെങ്കിലും ശിരോരഖോങ് മുളകിന്റെ എരിവ് അത്ര കടുപ്പമല്ല. ഇറച്ചിവിഭവങ്ങളില്‍ ചേര്‍ക്കാന്‍ ഉത്തമം. സസ്യഭക്ഷണക്കാരുടെയും ഇഷ്ടഇനമാണ്. ഈ മുളകുപയോഗിച്ച് നിര്‍മിക്കുന്ന പൊടിക്കും അടുക്കളകളില്‍ വന്‍പ്രിയമാണെന്ന് ഗ്രാമവാസികള്‍.
മാതൃഭൂമി.കോം

--
 
 

No comments:

Post a Comment