Sunday, 20 January 2013

҉YOUR-MAILS GROUP ҉ സ്ത്രീപീഡനവും വേഷവും---------- Forwarded message ----------
Date: 2013/1/19


 

സ്ത്രീപീഡനവും വേഷവും

Published on 18 Jan 2013

എം.എന്‍. കാരശ്ശേരി

നമ്മുടെ നാട്ടില്‍ വിശ്വസിക്കാനാവാത്തവിധം സ്ത്രീകള്‍ക്കു നേരേയുള്ള ലൈംഗികമായ അക്രമങ്ങള്‍ പെരുകിവരുമ്പോള്‍, അവയില്‍ ഇരകള്‍ക്ക് എത്രമാത്രം 'ഉത്തരവാദിത്വം' ഉണ്ട് എന്ന് ചിക്കിച്ചികയുകയാണ് മതമൗലികവാദികള്‍.

ചിലരുടെ ചോദ്യം ഇങ്ങനെ നേരവും കാലവും നോക്കാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നതെന്തിനാ
, അവര്‍ക്ക് 'ലക്ഷ്മണരേഖ' പാലിച്ച് വീട്ടിലിരുന്നാല്‍ പോരേ എന്നാണ്. വീട്ടിലിരിക്കുന്നവര്‍ തന്നെ ഇത്തരം പീഡനങ്ങള്‍ക്ക് വിധേയരാവുന്നു എന്ന് അവരോര്‍ക്കുന്നില്ല. വേറെ ചിലരുടെ ചോദ്യം ബലാത്കാരത്തിന് വരുന്നവനെ 'സഹോദരാ' എന്നുവിളിച്ച് അപേക്ഷിച്ചാല്‍ പോരേ എന്നാണ്. യഥാര്‍ഥ സഹോദരന്‍തന്നെ ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ നീചമായി പെരുമാറാറുണ്ട് എന്ന് അവര്‍ക്ക് ആലോചന ചെല്ലുന്നില്ല.

ഇക്കാര്യത്തില്‍ സ്ത്രീകളുടെ വേഷം സൃഷ്ടിക്കുന്ന
'പ്രകോപനം' വലിയ പങ്ക് വഹിക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. മുഖം മറയ്ക്കുന്ന പര്‍ദയിട്ടാല്‍ ഒരുപരിധിവരെ അക്രമങ്ങള്‍ ഒഴിവാക്കാന്‍ കഴിയും എന്നവര്‍ തീര്‍ച്ച കരുതുന്നു.

ഒമ്പതുമാസം പ്രായമായ പൈതലിനെ കൈയിലെടുത്തു കൊണ്ടുപോയി പീഡിപ്പിച്ച സംഭവം കേരളത്തില്‍ നടന്നിട്ടുണ്ട്. എല്‍.പി.
, യു.പി. ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ബലാത്കാരം ചെയ്യുന്നത് ഇപ്പോള്‍ അസാധാരണമല്ലാതായിരിക്കുന്നു. ഈ കുഞ്ഞുങ്ങള്‍ക്ക് എന്ത് പര്‍ദ?

വിവാഹം നിഷിദ്ധമായ രക്തബന്ധത്തില്‍പ്പെട്ടവര്‍ പെരുമാറുന്ന അകത്തളങ്ങളില്‍ പര്‍ദ ധരിക്കണമെന്ന് ആരും പറയില്ല. അത്രയും അടുത്ത സ്വന്തക്കാര്‍ തന്നെ പീഡനക്കാരായി കോലം മാറുന്നു എന്നറിയുന്ന ആരാണ് നടുങ്ങിപ്പോവാത്തത്
? അവിടെ പര്‍ദയ്ക്ക് എന്താണ് പ്രസക്തി ?

വേഷവും ലൈംഗികാതിക്രമവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. നാലു പതിറ്റാണ്ടുമുമ്പ് കലാലയത്തിലും സര്‍വകലാശാലയിലും പഠിച്ചവനാണ് ഞാന്‍. 1970-കളുടെ കാമ്പസില്‍ ജീവിച്ചവന്‍. അന്ന് കോളേജ് കുമാരികളില്‍ ചെറിയൊരു ന്യൂനപക്ഷം കാല്‍മുട്ടിന് മുകളില്‍ അവസാനിക്കുന്ന മുറിപ്പാവാടയിട്ട് വരുന്നവരാണ്
, 'മിനി സ്‌കര്‍ട്ട്' എന്ന് പേര്. ഒപ്പം ഇടുന്ന ബ്ലൗസിന്റെ കൈയ്ക്കും നീളം തീരേ കുറവായിരിക്കും. അന്ന് അധ്യാപികമാരില്‍ ചെറിയൊരു ന്യൂനപക്ഷം കൈയില്ലാത്തതും മുന്നും പിന്നും താഴ്ത്തിവെട്ടിയതുമായ ബ്ലൗസിട്ട് വന്നിരുന്നു. ഈ വേഷത്തിന്റെ വകയില്‍ ആരും ആക്രമിക്കപ്പെട്ടിട്ടില്ല.

നക്‌സലിസം
, നാടകപ്രവര്‍ത്തനം, സാഹിത്യചര്‍ച്ച, സിനിമാസ്വാദനം മുതലായവകൊണ്ടെല്ലാം പ്രബുദ്ധമായ കാമ്പസ് ആയിരുന്ന അന്നത്തേത് എന്നും അതുകൊണ്ടാണ് ഒന്നും സംഭവിക്കാത്തത് എന്നും ചിലര്‍ക്ക് തോന്നാം. ആ കാമ്പസില്‍ ഇക്കൂട്ടത്തില്‍ ചെറിയൊരു ശതമാനം 'ഹിപ്പി'കളും ഉണ്ടായിരുന്നു. മുടിവെട്ടാതെയും താടിവടിക്കാതെയും നടന്നവര്‍, കുളിക്കാതെയും വേഷം മാറാതെയും കഴിഞ്ഞിരുന്നവര്‍, മൂല്യങ്ങളിലും സദാചാരങ്ങളിലും വിശ്വാസമില്ലെന്ന് പറഞ്ഞിരുന്ന അരാജകവാദികള്‍. പാരമ്പര്യനിഷേധം പ്രകടിപ്പിക്കാന്‍ വേണ്ടിയാവാം, പൂര്‍ണനഗ്‌നരായി നാലഞ്ചു കോളേജ് കുമാരന്മാര്‍ എറണാകുളത്തെ പൊതുനിരത്തിലൂടെ ഓടി കേരളീയരെ അമ്പരപ്പിച്ചത് അക്കാലത്താണ്. ഇതിന് 'സ്ട്രീക്കിങ്' എന്നാണ് പറഞ്ഞിരുന്നത്. ആ സാഹചര്യത്തില്‍പോലും പെണ്‍വേഷം മാത്രമായി ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല.

അതിനും മുമ്പത്തെ സ്ഥിതി പറയാം: ഞാന്‍ യു.പി. - ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന 1960-കളില്‍ എന്റെ ഗ്രാമത്തില്‍
'അടിയാര്' എന്നുവിളിച്ചിരുന്ന കൂട്ടത്തിലെ ചെറുമികളോ കണക്കികളോ ഒരു മേല്‍വസ്ത്രവും ധരിച്ചിരുന്നില്ല. അവര്‍ കാല്‍മുട്ട് മറയുംവിധം വലിയതോര്‍ത്ത് ഉടുത്തിരുന്നു. വെളുപ്പും ചുവപ്പും കലര്‍ന്ന കല്ലുമാലകൊണ്ട് മാറ് മറച്ചിരുന്നു അത്രമാത്രം. ആ വകയില്‍ അവരുടെ നേരേ ഒരക്രമവും നടന്നതായി ഞങ്ങളാരും കേട്ടിട്ടില്ല.

കേരളത്തിന്റെ സാമൂഹിക ചരിത്രം ശ്രദ്ധിച്ചാല്‍ ബോധ്യമാകും. ഇവിടത്തെ സ്ത്രീയുടെ പ്രയാണം വസ്ത്രത്തില്‍ നിന്ന് നഗ്‌നതയിലേക്കായിരുന്നില്ല
; നഗ്‌നതയില്‍ നിന്ന് വസ്ത്രത്തിലേക്കായിരുന്നു.പി.കെ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുംപോലെ 'അരക്കെട്ട് മുതല്‍ കാല്‍മുട്ടിന് താഴെവരെ ഇറങ്ങുന്ന ഒറ്റമുണ്ട് മാത്രമാണ് സ്ത്രീ പുരുഷദേഭമെന്യേ കേരളത്തിലെ രാജാവും ഭിക്ഷക്കാരനും ആകെ ധരിക്കുന്ന വസ്ത്രം എന്ന ചിരപുരാതനസ്ഥിതി' (ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും 1983, പു. 107)യാണ് പിന്നോട്ടുനോക്കിയാല്‍ കാണുക. പതിനേഴാം നൂറ്റാണ്ടിലും മാറ്റമൊന്നുമില്ല. ഇറ്റലിക്കാരനായ ഡെല്ലവെല്ല 1624-ല്‍ കോഴിക്കോട് സന്ദര്‍ശിച്ചതിനെപ്പറ്റി എഴുതിയതില്‍നിന്ന് 'അരക്കെട്ട് മുതല്‍ കാല്‍മുട്ടുവരെ ഇറങ്ങുന്ന ഒരു തുണിക്കഷ്ണമൊഴിച്ചാല്‍ സ്ത്രീപുരുഷന്മാര്‍ ഒരുപോലെ നഗ്‌നരായിട്ടാണ് നടക്കുന്നത്' എന്ന വാക്യം ബാലകൃഷ്ണന്‍ ഉദ്ധരിച്ചിരിക്കുന്നു. (പു. 108).

അന്നൊക്കെ പുരുഷന്മാരുടെ ജോലി സ്ത്രീപീഡനമായിരുന്നു എന്നുപറയുന്ന ഒരു ചരിത്രവുമില്ല.

കേരളത്തില്‍
'കീഴ്ജാതി' എന്ന് വിളിക്കപ്പെട്ട കൂട്ടത്തിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനോ, മേല്‍വസ്ത്രം ധരിക്കാനോ അവകാശം ഉണ്ടായിരുന്നില്ല. അത് അവര്‍ സമരംചെയ്ത് നേടിയതാണ്. 19-ാം നൂറ്റാണ്ടിലേ അത് കിട്ടിയുള്ളൂ. തിരുവിതാംകൂറിലാണ് തുടക്കം. ക്രിസ്തുമതത്തിലേക്ക് മാറിയ നാടാര്‍ (ചാന്നാര്‍) സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാം എന്ന് 1815-ല്‍ അവിടത്തെ ദിവാന്‍ അനുമതി കൊടുത്തു. ഏറേ വൈകാതെ, അവര്‍ 'മേല്‍ജാതി'ക്കാരെപ്പോലെ വസ്ത്രം ധരിക്കുന്നു എന്ന് പരാതിയായി! അത് മൂത്ത് ക്രിസ്ത്യാനികളായിത്തീര്‍ന്ന നാടാര്‍ സ്ത്രീകളുടെ മേല്‍വസ്ത്രം വലിച്ചുകീറുന്നേടം വരെയെത്തി. ഒരിക്കല്‍ അവര്‍ ചെറുത്തുനിന്നു. ഇതാണ് 'ചാന്നാര്‍ ലഹള' (1859). ഇതിന്റെ തുടര്‍ച്ചയായിട്ടാണ്, ഏത് ജാതിയില്‍ പിറന്നാലും ഏത് മതത്തില്‍പ്പെട്ടാലും സ്ത്രീകള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാറു മറയ്ക്കുകയുംമേല്‍വസ്ത്രം ധരിക്കുകയും ചെയ്യാം എന്നൊരു മാറ്റം ഉണ്ടായിവന്നത്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ 'അവകാശം' കോഴിക്കോട് ജില്ലയുടെ കിഴക്കുഭാഗത്ത് കിടക്കുന്ന കാരശ്ശേരിയില്‍ എത്തിപ്പെട്ടിരുന്നില്ല എന്നാണ് ഞാന്‍ കുട്ടിക്കാലത്ത് കണ്ടത്.

നഗ്‌നത മറയ്ക്കാന്‍ വേണ്ടിയാണ് നമ്മുടെ സ്ത്രീകള്‍ സമരംചെയ്തുപോന്നത്. അവര്‍ പിന്നെപ്പിന്നെ കൂടുതല്‍ കൂടുതല്‍ വസ്ത്രങ്ങള്‍ അണിയുന്നതായിട്ടാണ് കാണുന്നത്. ഇന്നത്തെ പ്രധാന പരിഷ്‌കാരമായ ചുരിദാര്‍ നോക്കൂ
, അത് സാരിയേക്കാള്‍ ശരീരഭാഗങ്ങള്‍ മറച്ചുവെക്കുന്നതാണ്. എന്നിട്ടും ബലാത്സംഗങ്ങള്‍ കൂടിക്കൂടി വരുന്നതിനര്‍ഥം അതും വേഷവുമായി ബന്ധമില്ല എന്നുതന്നെയല്ലേ?

ഇക്കൂട്ടത്തില്‍ ആലോചിക്കേണ്ട വേറെ ചിലതുണ്ട്: ഒന്ന്-ആണ്‍കുട്ടികളെ കണ്ട് മോഹിക്കുന്നവരും അവരുമായി ശാരീരികവേഴ്ച നടത്തുന്നവരും ആയ പുരുഷന്മാര്‍ കൂടിയുള്ള നാടാണിത്. സ്വവര്‍ഗരതിയുടെ ഈ മേഖലയിലും പ്രണയവും മത്സരവും കലഹവും പതിവുണ്ട്. അടുത്തബന്ധുക്കളും അയല്‍ക്കാരും അധ്യാപകരും ആണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും അസാധാരണമല്ല. ഈ വകുപ്പിലും കേരളത്തില്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം ലൈംഗികാഭിനിവേശങ്ങളും അക്രമങ്ങളും ഒഴിവാക്കാന്‍ ആണ്‍കുട്ടികള്‍ പര്‍ദയിടണം എന്നുപറയാന്‍ പറ്റുമോ
?

രണ്ട്-ഇതുപോലെ
, പെണ്‍കുട്ടികളെ കണ്ട് മോഹിക്കുന്നവരും അവരുമായി ശാരീരികവേഴ്ച നടത്തുന്നവരുമായ സ്ത്രീകളെ അപൂര്‍വമായെങ്കിലും ഇവിടെക്കാണാം. പെണ്‍ജയിലുകളില്‍ നിന്നെന്നപോലെ, കന്യാസ്ത്രീമഠങ്ങളില്‍നിന്നും വനിതാഹോസ്റ്റലുകളില്‍നിന്നും അത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. അവയില്‍ പ്രണയം എന്നപോലെ ബലാത്സംഗവും കാണുന്നു. മേല്പറഞ്ഞ ന്യായം അനുസരിച്ച് പെണ്‍കുട്ടികള്‍, ആണുങ്ങളുടെ മുമ്പില്‍ എന്നപോലെ പെണ്ണുങ്ങളുടെ മുമ്പിലും പര്‍ദയിടണമെന്ന് പറയേണ്ടിവരില്ലേ?

മൂന്ന്-ആളെ കാണുന്നത് ലൈംഗികദാഹത്തിലേക്കും ബലപ്രയോഗത്തിലേക്കും നയിക്കുമെങ്കില്‍ ആ പ്രശ്‌നം പെണ്ണുങ്ങള്‍ ആണുങ്ങളെ കാണുന്നതിലും ഉണ്ടാവണം. മുഖംമൂടിയ പര്‍ദ ധരിക്കുമ്പോഴും സ്ത്രീപുരുഷനെ കാണുന്നുണ്ട്. കണ്ണ് പുറത്താണല്ലോ അപ്പോഴോ
?

സ്ത്രീ
, ഒരിക്കലും ആ മട്ടില്‍ പെരുമാറുകയില്ല എന്ന് കരുതുന്നവരുണ്ടാവാം. അത് വസ്തുതയല്ല. ഏറ്റവും പുതിയ ഉദാഹരണം: കൊച്ചിയില്‍ അയല്‍ക്കാരനായ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് നാല്പതുകാരി വീട്ടമ്മയെ അറസ്റ്റുചെയ്തത് 2012 ഡിസംബറിലാണ്.

, ഇതൊക്കെ ഇക്കാലത്തെ സിനിമകളും സീരിയലുകളും സൃഷ്ടിച്ച അഴിഞ്ഞാട്ടത്തിന്റെ ഫലമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവമാണ്; അല്ലാതെ മനുഷ്യപ്രകൃതി അല്ല എന്ന് വാദം വരാം.

ഇരിക്കട്ടെ. ഞാന്‍ ആയിരത്താണ്ടുകള്‍ പഴക്കമുള്ള കാര്യം പറയാം. ഇതിലെ പ്രധാന കഥാപാത്രം ഇസ്‌ലാമിക പാരമ്പര്യത്തിലെ യൂസുഫ് നബി (ബൈബിളിലെ ജോസഫ്)യാണ്.

പിതാവിന്റെ വാത്സല്യഭാജനമായിരുന്ന യൂസുഫിനെ ഇളംപ്രായത്തില്‍
, അസൂയമൂത്ത സഹോദരന്മാര്‍ വീട്ടില്‍ നിന്നകലെയുള്ള കിണറ്റില്‍ എറിഞ്ഞുകളഞ്ഞു. ആ ബാലനെ വീണ്ടെടുക്കാന്‍ ഇടയായ വഴിയാത്രക്കാര്‍ മിസ്‌റിലെ (ഈജിപ്ത്) ചന്തയില്‍ കൊണ്ടുപോയി വിറ്റു. അങ്ങനെ മക്കളില്ലാത്ത മന്ത്രി അസീസിന്റെയും ഭാര്യ സുലൈഖയുടെയും കുടുംബത്തിലെ പരിചാരകനായിത്തീര്‍ന്നു.ബാലന് യൗവനപ്രാപ്തിയാവുമ്പോഴേക്ക് സുലൈഖ ആ ആകാരവടിവില്‍ മുഗ്ധയായിക്കഴിഞ്ഞിരുന്നു. വശീകരിക്കാന്‍ പലവട്ടം നോക്കിയെങ്കിലും നടന്നില്ല. മോഹം കലശലായതിനാല്‍ ഒരുദിവസം മുറിയിലേക്ക് വിളിച്ചു. വന്ന ഉടനെ സുലൈഖ വാതിലടച്ച് കെഞ്ചി: 'വാ'. യൂസുഫ് തന്റേടം വിടാതെ പ്രാര്‍ഥിച്ചു: 'അല്ലാഹു കാക്കട്ടെ'.

കാമാതുരയായിത്തീര്‍ന്ന ആ സുന്ദരി ആശ്ലേഷത്തിലമര്‍ത്താന്‍ ഒരുങ്ങിയപ്പോള്‍ യുവാവ് കുതറിയോടാന്‍ നോക്കി. അവള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രത്തിന്റെ പിന്‍ഭാഗം കീറിപ്പോന്നു.

വാതില്‍ തുറന്ന് ഓടുന്ന പരിചാരകന്‍ മുന്നിലും മന്ത്രിപത്‌നി പിന്നിലും. മുമ്പില്‍ നില്‍ക്കുന്നു
, മന്ത്രി! സുലൈഖ പൊട്ടിത്തെറിച്ചു: 'നിങ്ങളുടെ ഭാര്യയോട് വൃത്തികേടിന് വന്ന ഈ വേലക്കാരനെ തടവിലിടൂ'. യൂസുഫ് പറഞ്ഞു: 'അവരാണെന്നെ വശീകരിക്കാന്‍ ശ്രമിച്ചത്'.ബഹളംകേട്ടെത്തിയ ബന്ധു തര്‍ക്കം തീര്‍പ്പാക്കാന്‍ വഴി പറഞ്ഞു: വസ്ത്രത്തിന്റെ മുന്നാണ് കീറിയതെങ്കില്‍ അവന്‍ അവളെപ്പിടിച്ചതാണ്; പിന്നാണ് കീറിയതെങ്കില്‍ അവള്‍ അവനെപ്പിടിച്ചതാണ്. നോക്കുമ്പോള്‍ പിന്‍ഭാഗമാണ് കീറിയത്.കഥയറിഞ്ഞ പ്രഭുകുടുംബങ്ങളിലെ വനിതകള്‍ 'കാമം മൂത്ത് മന്ത്രിപത്‌നി വേലക്കാരനെ പിടിച്ചു' എന്ന് പുച്ഛിച്ചു. സുലൈഖ ആ കുലീനകളെ വിരുന്നിന് ക്ഷണിച്ചുവരുത്തി. രണ്ടുവരിയായി ഇരിപ്പിടം ഒരുക്കി. പഴങ്ങളായിരുന്നു വിഭവം. ചെത്താന്‍ ഓരോരുത്തര്‍ക്കും കത്തിയും കൊടുത്തു. അവരത് ചെത്തിത്തുടങ്ങുമ്പോള്‍ നേരത്തേ കല്പന കിട്ടിയപ്രകാരം യൂസുഫ് അതിന്റെ നടുവിലൂടെ നടന്നുപോയി. ആ സുന്ദരരൂപം കണ്ട ആനന്ദത്തില്‍ തടി ഓര്‍മയില്ലായിപ്പോയ പല വനിതകളും 'ഇത് മനുഷ്യനല്ല, മലക്ക് ആണ്' എന്ന് ഒച്ചവെക്കുകയും കൈനീട്ടി ചാടിയെണീക്കുകയും ചെയ്തു; കത്തികൊണ്ട് ചിലരുടെ വിരലുകള്‍ക്ക് മുറിവുപറ്റി. പുഞ്ചിരിയോടെ സുലൈഖ പറഞ്ഞു: 'ഞാന്‍ അവനെപ്പിടിക്കാന്‍ നോക്കിയത് സത്യമാണ്'.

ഈ കഥയെടുത്തത് മറ്റെവിടെ നിന്നുമല്ല
, മുസ്‌ലിങ്ങളുടെ വേദഗ്രന്ഥമായ ഖുര്‍ ആനില്‍ നിന്നാണ്. പന്ത്രണ്ടാം അധ്യായമായ 'യൂസുഫി'ല്‍ നിന്ന്. വെളിപാടുശൈലി മാറ്റി എന്റെ മട്ടില്‍ പുനരാഖ്യാനം ചെയ്തു എന്നേയുള്ളൂ. ആ കഥാസന്ദര്‍ഭത്തിലേക്ക് ഉറ്റുനോക്കിയാല്‍ കാണാം, ആകാരഭംഗി കണ്ട് ഇളകുന്നതിലോ ബലം പ്രയോഗിക്കുന്നതിലോ ആണുങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല പെണ്ണുങ്ങള്‍. സുലൈഖയുടേത് ഒറ്റപ്പെട്ട പെരുമാറ്റമല്ല. വിരുന്നിനെത്തിയ കുലീനകളും ജാതി അതുതന്നെ!

മേല്പറഞ്ഞ കഥയ്ക്ക് കേരളത്തിലുള്ള സ്വാധീനം ഇവിടെ സുലൈഖ
, യൂസുഫ് എന്നീപേരുകള്‍ക്ക് കിട്ടിയ പ്രചാരത്തില്‍ സൂചിതമായിട്ടുണ്ട്. നല്ല 'റങ്കുള്ള' ഈ ചരിതം മാപ്പിളപ്പാട്ടില്‍ പലതവണ ആവിഷ്‌കാരം നേടുകയുണ്ടായി. പുതിയ യൂസുഫ് ഖിസ്സ(വള്ളിക്കാടന്‍ മമ്മദ്), താജുല്‍ അഖ്ബാര്‍ യൂസുഫ് ഖിസ്സപ്പാട്ട് (എ.ഐ. മുത്തുകോയതങ്ങള്‍), യൂസുഫ് ഖിസ്സപ്പാട്ട് (കെ.വി.എം. പന്താവൂര്) മുതലായവ ഉദാഹരണം.

ഈ സുലൈഖയെ ഓര്‍മയുള്ളവരാരും പുരുഷശരീരം കണ്ട് സ്ത്രീക്ക് പൂതി വരികയില്ല എന്ന് പറഞ്ഞുകളയരുത്. ആ കണക്കില്‍ പുരുഷന്മാരും പര്‍ദയിടേണ്ടിവരും!നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കില്‍ നമ്മള്‍ കെട്ടിയിടാറ് നായയെ ആണ്
; മനുഷ്യരെയല്ല. കണ്ടുപോയാല്‍ ആക്രമിക്കും എന്നുണ്ടെങ്കില്‍ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളാണ്; സ്ത്രീയുടെ മുഖമല്ല. മനോവൈകൃതമുള്ള പുരുഷന്മാരെ നിലയ്ക്കുനിര്‍ത്താന്‍ വഴിനോക്കുന്നതിന് ബദലായി സ്ത്രീയെ പര്‍ദകൊണ്ട് മൂടിയിടുന്നത് യുക്തിയല്ല; നീതിയല്ല

സ്ത്രീ ഒരു വസ്തു അല്ല
; വ്യക്തി ആണ്. കാമാന്ധനായ പുരുഷന്റെ അത്യാചാരങ്ങള്‍ക്ക് വിധേയയായ സാഹചര്യത്തെപ്പറ്റി, ആദികാവ്യത്തിലെ നായിക സീതയെക്കൊണ്ട് കുമാരനാശാന്‍ അങ്ങനെ ചോദിപ്പിച്ചത് ഏതുകാലത്തും ഏതുദേശത്തും ഉള്ള സ്ത്രീക്കു വേണ്ടിയാണ്.

'പടുരാക്ഷസ ചക്രവര്‍ത്തിയെന്‍
ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ
?'

 

 

 

Regards,

 


--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment