ഭീമന്‍ കടുവാ ചിലന്തിയെ ശ്രീലങ്കയില്‍ കണ്ടെത്തി
Posted on: 06 Apr 2013
നമ്മുടെ നാട്ടിലുള്ള കടുവാ ചിലന്തികളുടെ ഗണത്തില്‍ പെട്ട വിഷമുള്ള ഒരിനം ഭീമന്‍ ചിലന്തിയെ ശ്രീലങ്കയിലെ വടക്കന്‍ വനങ്ങളില്‍ കണ്ടെത്തി. ഒരാളുടെ മുഖത്തിന്റെ വലിപ്പം വരും ആ ചിലന്തിക്കെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലുകള്‍ നീട്ടിവെച്ചാല്‍ 20 സെന്റീമീറ്റര്‍ നീളമുണ്ട്.
'പോസിലോതെരിയ' ( Poecilotheria ) വര്‍ഗത്തില്‍ പെട്ട ചിലന്തിയാണിത്. ഈ വര്‍ഗത്തില്‍ ലോകത്താകെ 15 ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്.'പോസിലോതെരിയ രജായി' (Poecilotheria rajaei) എന്നാണ് പുതിയ ചിലന്തിയിനത്തിന് നല്‍കിയിട്ടുള്ള ശാസ്ത്രീയനാമം.
വനത്തിലെ മരങ്ങളില്‍ കഴിയുന്ന ഈ ഭീമന്‍ ചിലന്തിയെ സംബന്ധിച്ച പഠനം 'ബ്രിട്ടീഷ് ടരാന്റുല സൊസൈറ്റി'യുടെ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. ഇവ വളരെ അപൂര്‍വമാണെന്ന്, ചിലന്തിയെ കണ്ടെത്തുന്നതില്‍ പങ്കുവഹിച്ച ശ്രീലങ്കയിലെ 'ബയോഡൈവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി'ലെ റനില്‍ നനയക്കാര പറഞ്ഞു.
ആവാസവ്യവസ്ഥ നേരിടുന്ന കടുത്ത ഭീഷണി ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കിയിരിക്കുകയാണ്. മരങ്ങള്‍ കൂടുതല്‍ നശിപ്പിക്കുകയും വനം വെളുപ്പിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം.
ഇന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ കാണുന്ന കടുവാ ചിലന്തിയോട് സാമ്യമുള്ള ഇനമാണ് ശ്രീലങ്കയില്‍ കണ്ടെത്തിയത്. പശ്ചിമഘട്ടത്തില്‍ കാണുന്ന കടുവാ ചിലന്തിയുടെ ശാസ്ത്രീയനാമം 'പോസിലോതെരിയ റിഗാലിസ്' ( Poecilotheria regalis )എന്നാണ്. ഇവയുടെ കാലുകള്‍ നീട്ടിവെച്ചാല്‍ 17 സെന്റീമീറ്റര്‍ നീളം വരും. ഇവയും കടുത്ത വംശനാശ ഭീഷണി നേരിടുന്നതിനാല്‍, ഐ.യു.സി.എന്നിന്റെ ചുവപ്പ് പട്ടികയില്‍ ഇടംനേടിയിട്ടുള്ള ഇനമാണ്.
ഭീമന്‍ ചിലന്തിയാണെങ്കിലും ലോകത്തെ ഏറ്റവും വലിയ ചിലന്തിയല്ല ശ്രീലങ്കയില്‍ നിന്ന് കണ്ടെത്തിയ ഇനം. ആ പദവി ദക്ഷിണ അമേരിക്കയിലെ 'ഗോലിയാത്ത് ബേര്‍ഡ്-ഈറ്റര്‍' ( Goliath bird-eater ) ചിലന്തിക്കാണുള്ളത്. കാലുകള്‍ നീട്ടിവെച്ചാല്‍ 30.5 സെന്റീമീറ്റര്‍ നീളം വരും അവയ്ക്ക്. 'തെരാഫോസ ബ്ലോന്‍ഡി'( Theraphosa blondi ) എന്നതാണ് ശാസ്ത്രീയനാമം. (ചിത്രം കടപ്പാട് : Ranil Nanayakkara )
Mathrubhumi
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
No comments:
Post a Comment