പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത! ഓണ്‍ ലൈന്‍ വഴി വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാം ,വിശദ വിവരങ്ങള്‍ ഡെയ് ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍
തിരുവനന്തപുരം : പ്രവാസികള്‍ക്ക് വോട്ടവകാശം നടപ്പില്‍ വരുത്തിയ സന്തോഷത്തിനു പുറമെ വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് ലിസ്റ്റില്‍ പേരു ചേക്കാന്‍ ഓണ്‍ ലൈന്‍ അവസരവും ഒരുങ്ങിയിരിക്കുന്നു .നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ലിസ്റ്റില്‍ ഉള്‍ പ്പെടുത്താന്‍ വേണ്ട അപേക്ഷ ഓണ്‍ ലൈന്‍ ആയി നല്‍കാം .
പതിനെട്ട് വയസ്സ് പൂര്‍ത്തിയാക്കിയ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ടര്‍ പട്ടികയില്‍ തന്റെ പേര് ചേര്‍ക്കാവുന്നതാണ്. സാധാരണയായി നിവസിക്കുന്ന പ്രദേശത്തെ വോട്ടര്‍ പട്ടികയിലായിരിക്കണം
സമ്മതിദായകന്‍ തന്റെ പേര് ചേര്‍ക്കേണ്ടത്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പ്രദേശങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പാടില്ല. വിദേശത്ത് താമസമാക്കിയ ഇന്ത്യന്‍ പൗരന്‍മാര്‍, അവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസത്തിലെ സാധാരണ നിവാസികളായാണ് പരിഗണിക്കപ്പെടുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമ്മതിദായകരെ അവരുടെ വീട്ടുവിലാസത്തിലെ സാധാരണ നിവാസികളായാണ് കണക്കാക്കുന്നത്.
വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതോ പുതുക്കുന്നതോ ആയ വര്‍ഷത്തിലെ ജനുവരി ഒന്നാം തീയതിയ്ക്കകം 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാകുന്നത്.
ജനുവരി ഒന്നിനു ശേഷമുള്ള തീയതികളില്‍ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആ വര്‍ഷത്തെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാകില്ല. കുടാതെ മാനസികാരോഗ്യം ഇല്ലാത്തവരെന്ന് കോടതി പ്രഖ്യാപിച്ചിട്ടുള്ളവര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും, മറ്റ് അഴിമതി ഇടപാടുകളിലും ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതു മൂലം അയോഗ്യരായവര്‍ എന്നിവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുമ്പോള്‍ നല്‍കേണ്ട മേല്‍വിലാസ രേഖയായി പാസ്‌പോര്‍ട്ട്, ബാങ്ക് പാസ്സ് ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, മറ്റ് ഗവണ്‍മെന്റ് രേഖകള്‍ എന്നിവ പരിഗണിക്കും. എന്നാല്‍ ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ക്ക് 1950 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാകില്ല. ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി സാധാരണ നിവസിക്കുന്നിടത്തു നിന്നും മാറി വിദേശത്ത് ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക്, മറ്റ് രാജ്യങ്ങളിലെ പൗരത്വം നേടിയിട്ടില്ലായെങ്കില്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസത്തിലെ നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. എന്നാല്‍ സ്വന്തം പ്രദേശത്തു നിന്നും മാറി ഇന്ത്യയില്‍ തന്നെ മറ്റൊരിടത്ത് അധിവസിക്കുന്നവരെ, അവര്‍ അധിവസിക്കുന്ന പ്രദേശത്തെ സാധാരണ നിവാസികളായാണ് കണക്കാക്കുന്നത്. ഉദാഹരണമായി സ്വന്തം ഗ്രാമത്തില്‍ നിന്നും മാറി ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ പേരു ചേര്‍ക്കേണ്ടത് സ്വന്തം ഗ്രാമത്തിലല്ല, മറിച്ച് ഡല്‍ഹിയിലാണ്. കൂടാതെ ഒരു സമ്മതിദായകന്‍ ഒരേ നിയോജക മണ്ഡലത്തിലെ ഒന്നില്‍ കൂടുതല്‍ ഇടങ്ങളിലോ, ഒന്നില്‍ കൂടുതല്‍ നിയോജക മണ്ഡലങ്ങളിലോ പേരു ചേര്‍ക്കാന്‍ പാടില്ല. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിന് ഫോറം-6 പൂരിപ്പിച്ച് നിയോജക മണ്ഡലത്തിലെ ഇലക്‌ടൊറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചാല്‍ മതിയാകും. ഫോറം-6 ഓണ്‍ലൈന്‍ വഴിയോ, തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന്:
www.eci.nic.in ,അല്ലെങ്കില്‍ www.ceodelhi. gov.in എന്നീ വെബ്‌സൈറ്റുകളോ അതാത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്‌ടൊറല്‍ ഉദ്യോഗസ്ഥരുടെ വെബ്‌സൈറ്റുകളോ വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഈ വെബ്‌സൈറ്റുകളിലുള്ള ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ എന്ന ടാബ് അമര്‍ത്തിയശേഷം യൂസര്‍നെയിമും പാസ്‌വേര്‍ഡും നല്‍കി പ്രവേശിക്കുക. സൈറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. തുടര്‍ന്ന് മേല്‍വിലാസ രേഖയും, വയസ്സ് തെളിയിക്കുന്ന രേഖയും അപ്‌ലോഡ് ചെയ്യുക. മേല്‍വിലാസരേഖയും, വയസ്സ് തെളിയിക്കുന്ന രേഖയും അപ് ലോഡ് ചെയ്യാന്‍ ആകാത്ത പക്ഷം ബൂത്ത് ലെവല്‍ ഓഫീസര്‍ അപേക്ഷകന്റെ വീട്ടിലെത്തി ഈ രേഖകള്‍ കൈപ്പറ്റുന്നതായിരിക്കും.
തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന്:
www.eci.nic.in, www.ceodelhi.gov.in എന്നീ വെബ്‌സൈറ്റുകളോ അതാത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്‌ടൊറല്‍ ഉദ്യോഗസ്ഥരുടെ വെബ്‌സൈറ്റുകളോ വഴി ഫോറം-6 ഡൗണ്‍ലോഡ് ചെയ്യുക. ഫോറം പൂരിപ്പിച്ചശേഷം അനുബന്ധ രേഖകള്‍ക്കൊപ്പം അപേക്ഷകന്റെ നിയോജക മണ്ഡലത്തിലെ പേരുചേര്‍ക്കല്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുക.
നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന്:
www.eci.nic.in, www.ceodelhi.gov.in എന്നീ വെബ്‌സൈറ്റുകളോ അതാത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്‌ടൊറല്‍ ഉദ്യോഗസ്ഥരുടെ വെബ്‌സൈറ്റുകളോ വഴി ഫോറം-6 ഡൗണ്‍ലോഡ് ചെയ്യുക. ഫോറം പൂരിപ്പിച്ചശേഷം അനുബന്ധ രേഖകള്‍ക്കൊപ്പം അപേക്ഷകന്റെ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരുടെ പേരുചേര്‍ക്കല്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയോ, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശം സമര്‍പ്പിക്കുകയോ ചെയ്യാം. പേര്, വയസ്സ്, മേല്‍ വിലാസം തുടങ്ങിയവ വോട്ടര്‍ പട്ടികയില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്തുന്നതിന് ഫോറം-8 പൂരിപ്പിച്ചതിന് ശേഷം തിരുത്തേണ്ട വിവരങ്ങള്‍ക്കുള്ള രേഖകള്‍ സഹിതം സമര്‍പ്പിച്ചാല്‍ മതിയാകും. ഉദാഹരണമായി വയസ്സ് തിരുത്തുന്നതിനുള്ള രേഖയായി എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയാകും.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുള്ള തെറ്റുമൂലമാണ് തിരുത്ത് വന്നതെങ്കില്‍ സൗജന്യമായി തിരുത്തലുകള്‍ വരുത്തുന്നതായിരിക്കും. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തുന്നതു പോലെ, അപേക്ഷകന്‍ ഉത്തരവാദിയായ തെറ്റുകള്‍ തിരുത്തി പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷകന്‍ 25 രൂപ പേരുചേര്‍ക്കല്‍ കേന്ദ്രത്തില്‍ അടയ്‌ക്കേണ്ടതാണ്. അടച്ച തുകയ്ക്കുള്ള രശീതി അപേക്ഷകന്‍ ചോദിച്ച് വാങ്ങേണ്ടതാണ്.
വിദേശത്ത് താമസമാക്കിയ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഫോറം-6എ പൂരിപ്പിച്ച ശേഷം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസ പ്രകാരമുള്ള നിയോജക മണ്ഡലത്തിലെ ഇലക്‌ടൊറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷ നേരിട്ടോ, തപാല്‍ വഴിയോ സമര്‍പ്പിക്കാം. തപാല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ പാസ്‌പോര്‍ട്ടിന്റെയും, ആവശ്യമായ മറ്റ് രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഫോറം-6എയ്‌ക്കൊപ്പം അയക്കേണ്ടതാണ്.
വോട്ടര്‍ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എസ് എം എസ് വഴിയോ ഓണ്‍ലൈന്‍ വഴിയോ സമ്മതിദായകര്‍ക്ക് അറിയാനാകും. ഇതിനായി സംസ്ഥാനങ്ങളിലെ ചീഫ് ഇലക്‌ടൊറല്‍ ഉദ്യോഗസ്ഥരുടെ വെബ്‌സൈറ്റുകളിലെ Check your name in the Voters list എന്ന ടാബ് അമര്‍ത്തിയ ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കുകയോ, 9211728082 എന്ന നമ്പരിലേക്ക് EPICSPACEVoter ID No (EPIC) എന്ന് ടൈപ്പ് ചെയ്തശേഷം സ്‌പെയ്‌സ് ഇട്ട് അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍) എന്ന് എസ് എം എസ് അയച്ചാല്‍ മതിയാകും.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവര്‍, അപേക്ഷയുടെ ഇപ്പോഴത്തെ നില എന്താണെന്ന് അറിയുന്നതിന് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്‌ടൊറല്‍ ഉദ്യോഗസ്ഥരുടെ വെബ്‌സൈറ്റുകളിലെ ഹോം പേജിലെ Know the status of your application for enrolment എന്ന ടാബ് അമര്‍ത്തിയശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള ഒരു വോട്ടര്‍ അതേ നിയോജക മണ്ഡലത്തിലെ തന്നെ പുതിയൊരു മേല്‍വിലാസത്തിലേക്കോ, മറ്റൊരു നിയോജക മണ്ഡലത്തിലേക്കോ താമസം മാറ്റിയാല്‍ പുതിയ മേല്‍വിലാസത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന് താഴെപ്പറയും വിധം അപേക്ഷ നല്‍കിയാല്‍ മതിയാകും.
1 മറ്റൊരു നിയോജക മണ്ഡലത്തിലേക്കാണ് താമസം മാറ്റിയതെങ്കില്‍ ഫോറം-6 ലാണ് അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈന്‍ വഴിയോ, തപാല്‍ വഴിയോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതിയ മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകള്‍ (ഉദാ: ഇലക്ട്രിസിറ്റി ബില്‍) മാത്രം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകും.
2 അതേ നിയോജക മണ്ഡലത്തിലെ തന്നെ പുതിയൊരു മേല്‍വിലാസത്തിലേക്കാണ് താമസം മാറ്റിയതെങ്കില്‍ ഫോറം-8എ യിലാണ് അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈന്‍ വഴിയോ, തപാല്‍ വഴിയോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതിയ മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകള്‍ (ഉദാ: ഇലക്ട്രിസിറ്റി ബില്‍) മാത്രം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകും.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനാവശ്യമായ താഴെ സൂചിപ്പിക്കുന്ന വിവിധ ഫോറങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.eci.nic.in എന്ന വെബ്‌സൈറ്റിലും അതാത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്‌ടൊറല്‍ ഉദ്യോഗസ്ഥരുടെ വെബ്‌സൈറ്റുകളിലും ലഭ്യമാണ്.
1 ഫോറം 6-വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിന്
2 ഫോറം 6 എ-പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്
3 ഫോറം 8-വോട്ടേഴ്‌സ് ലിസ്റ്റിലോ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിലോ തിരുത്ത് വരുത്തുന്നതിനായി.
4 ഫോറം 8 എ-അതേ നിയോജക മണ്ഡലത്തിലെ തന്നെ പുതിയൊരു മേല്‍വിലാസത്തിലേക്ക് താമസം മാറ്റിയാല്‍ മേല്‍വിലാസം തിരുത്തുന്നതിനായി.
വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഇത് സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും, പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുസഹിതം ഇലക്‌ടൊറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യണം. ഇതിനായി 25 രൂപയാണ് അടയ്‌ക്കേണ്ടത്. വോട്ടര്‍ പട്ടികയുമായോ, വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുമായോ ബന്ധപ്പെട്ട പരാതികള്‍ക്കും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പരാതികള്‍ക്കും താഴെപ്പറയുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്.
ചീഫ് ഇലക്‌ടൊറല്‍ ഓഫീസര്‍ - സംസ്ഥാന തലത്തില്‍
ജില്ലാ ഇലക്‌ടൊറല്‍ ഓഫീസര്‍ - ജില്ലാ തലത്തില്‍
റിട്ടേണിംഗ് ഓഫീസര്‍ - നിയോജക മണ്ഡല തലത്തില്‍
അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ - താലൂക്ക്/തഹസില്‍ തലത്തില്‍
ഇലക്‌ടൊറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ - നിയോജക മണ്ഡലതലത്തില്‍
പ്രിസൈഡിംഗ് ഓഫീസര്‍ - പോളിംഗ് സ്റ്റേഷന്‍ തലത്തില്‍
സോണല്‍ ഓഫീസര്‍ - വിവിധ പോളിംഗ് സ്റ്റേഷനുകള്‍ക്ക്
ഇതുകൂടാതെ ഓരോ തെരഞ്ഞെടുപ്പ് കാലത്തും മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരായി നിയമിക്കാറുണ്ട്. സമ്മതിദായകരുടെ പരാതികളും പ്രശ്‌നങ്ങളും ഈ ഉദ്യോഗസ്ഥരെയും ധരിപ്പിക്കാവുന്നതാണ്.
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/d/optout.
No comments:
Post a Comment