Tuesday 25 June 2013

҉YOUR-MAILS GROUP ҉ എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക



എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക

മതാചാരപ്രകാരമല്ലാത്ത തന്റെ വിവാഹം പഞ്ചായത്ത് സെക്രട്ടറി രജിസ്റ്റര്‍ ചെയ്തു നല്‍കുന്നില്ല എന്നുകാട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക എന്ന വാചകത്തിനു താഴെ സ്വന്തം വിവാഹഫോട്ടോ പതിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുമായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന അംഗത്തെ കാണാന്‍ ആളും കൂടി. പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേഷം പോലീസെത്തി അംഗത്തെ അറസ്റ്റ്‌ചെയ്തു നീക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പത്തനാപുരം പഞ്ചായത്ത് ഓഫീസിലാണ് ശനിയാഴ്ച ഈ 'വേറിട്ട സമരം' അരങ്ങേറിയത്.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ. പിടവൂര്‍ എല്‍.സി. സെക്രട്ടറിയുമായ കാര്യറ എള്ളുവിളവീട്ടില്‍ കിരണ്‍ കെ. കൃഷ്ണയാണ് പരാതിക്കാരന്‍. താനും പുനലൂര്‍ സ്വദേശി മേഘന സി.ജി.യും തമ്മില്‍ രണ്ടരമാസംമുമ്പ് പത്തനാപുരത്തുവച്ചുനടന്ന വിവാഹമാണ് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചിട്ടും രജിസ്റ്റര്‍ ചെയ്യാത്തത്. ഓഡിറ്റോറിയത്തില്‍വച്ച് ഇരു വിഭാഗങ്ങളിലെയും ബന്ധുക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും മതാചാരപ്രകാരമല്ല താന്‍ വിവാഹിതനായതെന്ന് കിരണ്‍ പറയുന്നു. വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഏതെങ്കിലും മതാചാരപ്രകാരം നടന്ന വിവാഹമായിരിക്കണമെന്നും അതിന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്നും സെക്രട്ടറി നിര്‍ബന്ധിച്ചതാണ് കിരണിന് വിനയായത്.

എന്നാല്‍ തന്റെ വിശ്വാസങ്ങളില്‍ മുറുകെപ്പിടിച്ച് രണ്ടുമാസമായി ഈ വിഷയത്തില്‍ ആശയപ്രചാരണം നടത്തുകയായിരുന്നു ഈ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. തന്റെ വിവാഹ രജിസ്‌ട്രേഷന് മതപരമായ ഒരു രേഖയും ഇനിയും ഹാജരാക്കില്ല. ഇപ്രകാരം വിവാഹിതരാവുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലേ എന്ന ചോദ്യവുമായി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് കിരണ്‍ കെ. കൃഷ്ണ. വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ മതാചാരപ്രകാരം വിവാഹിതനായിരിക്കണമെന്നതാണ് നിയമമെന്ന് പത്തനാപുരം പഞ്ചായത്ത് സെക്രട്ടറി എം.ഡി. ജയരാജന്‍ പറഞ്ഞു. ഇതിന്റെ സാക്ഷ്യപത്രം അപേക്ഷകന്‍ ഹാജരാക്കാത്തതാണ് രജിസ്‌ട്രേഷന് തടസ്സമായത്.

--

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment