Tuesday 11 June 2013

҉YOUR-MAILS GROUP ҉ ഉന്തുവണ്ടിയില്‍ ജൈവ പച്ചക്കറി; ജീവിതപാഠവുമായി സഹോദരങ്ങള്‍ !




ഉന്തുവണ്ടിയില്‍ ജൈവ പച്ചക്കറി; ജീവിതപാഠവുമായി സഹോദരങ്ങള്‍

Posted on: 02 Apr 2012


ചെര്‍ക്കള(കാസര്‍ക്കോട്):വേലയില്‍ വിളയുന്ന വിദ്യാഭ്യാസമെന്ന ആശയം ജീവിതത്തില്‍ പകര്‍ത്തുകയാണ് ചെങ്കള തായല്‍ നായന്മാര്‍മൂലയിലെ ടി.എന്‍.അബ്ദുള്ളയുടെ ഇരട്ടമക്കളായ അന്‍വറും അന്‍സാറും. സ്വന്തം കൃഷിയിടത്തിലെ ജൈവപച്ചക്കറികള്‍ പരിസരങ്ങളിലെ വീടുകള്‍തോറും വില്പനനടത്തിയാണിവര്‍ പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള പണം കണ്ടെത്തുന്നത്. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴും ആറും ക്ലാസുകളിലാണിവര്‍ പഠിക്കുന്നത്.

സ്‌കൂള്‍ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയും മറ്റു ദിവസങ്ങളില്‍ കൂടുതല്‍ സമയങ്ങളിലും പച്ചക്കറിവില്പന നടത്തും. രാവിലെ ആറിനുമുമ്പ് എഴുന്നേല്‍ക്കുന്ന ഇരുവരും ഉപ്പയോടും മറ്റു സഹോദരങ്ങളോടുമൊപ്പം തോട്ടത്തിലെത്തും. പറിച്ചെടുക്കുന്ന ചീരയും പയറും മറ്റും കെട്ടുകളാക്കിയാണ് വില്പനയ്ക്ക് തയ്യാറാക്കുന്നത്.

ചെങ്കള കൃഷിഭവന്റെ സഹായത്തോടെ വാങ്ങിയ ഇരുചക്ര ഉന്തുവണ്ടിയിലാണ് വീടുകള്‍തോറും വില്പന നടത്തുന്നത്. മുട്ടത്തോടിയിലെ ഫ്ലാറ്റുകളിലും ബി.സി. റോഡ്, നായന്മാര്‍മൂല തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലുമാണ് വില്പന നടത്തുന്നത്. രാസവളം ചേര്‍ക്കാത്ത ജൈവപച്ചക്കറികളായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. പയര്‍, ചീര, വെള്ളരി, കക്കിരി തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായും വില്പന നടത്തുന്നത്.

വില്പനയിലൂടെ ലഭിക്കുന്ന പണം ശേഖരിച്ചുവെക്കുന്നതിന് ഇരുവര്‍ക്കും ഭണ്ഡാരപ്പെട്ടികളുണ്ട്. പുതിയ അധ്യയനവര്‍ഷത്തിലേക്ക് തങ്ങള്‍ക്കും സഹോദരിമാര്‍ക്കും ആവശ്യമായ പുസ്തകങ്ങളും യൂണിഫോമും വാങ്ങാനുള്ള തുക ഇതിനകംതന്നെ സ്വരൂപിച്ചിട്ടുണ്ട്.
ദിവസവും അഞ്ഞൂറ് മുതല്‍ അറുന്നൂറ് രൂപവരെയുള്ള പച്ചക്കറികളാണിവര്‍ വില്പന നടത്തുന്നത്.

ലോറിഡ്രൈവറായിരുന്ന അബ്ദുള്ള കഴിഞ്ഞ അഞ്ചുവര്‍ഷമായി പച്ചക്കറികൃഷിയിലൂടെയാണ് ഉപജീവനം നടത്തുന്നത്. ഭാര്യ ബീഫാത്തിമ്മയും മക്കളും കൃഷിയില്‍ സഹായികളായുണ്ട്. വീടിനോട് ചേര്‍ന്നുള്ള ബന്ധുവിന്റെ അരയേക്കറിലധികം ഭൂമിയിലാണ് കൃഷിയിറക്കുന്നത്.

കോഴിക്കാഷ്ഠമാണ് പ്രധാനമായും വളമായുപയോഗിക്കുന്നത്. കൃഷി അസിസ്റ്റന്റ് പി.ബിന്ദുവിന്റെ പ്രോത്സാഹനവുമാകുമ്പോള്‍ വിളയുന്നത് നൂറുമേനി. കാസര്‍കോട്ടെയും ബദിയഡുക്കയിലെയും പച്ചക്കറിക്കടകളാണ് പ്രധാന വിപണനകേന്ദ്രങ്ങള്‍. ചെറിയ അളവില്‍ മാത്രമാണ് കുട്ടികള്‍വഴി പരിസരത്തെ വീടുകളില്‍ വില്പന നടത്തുന്നതെന്ന് അബ്ദുള്ള പറഞ്ഞു.


--
Abdul Gafoor Niratharikil

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment