Sunday, 17 February 2013

҉YOUR-MAILS GROUP ҉ പ്രണയത്തേക്കാള്‍ ഉയരമേറിയ ഒരു പെണ്‍മരം


പ്രണയത്തേക്കാള്‍ ഉയരമേറിയ ഒരു പെണ്‍മരം

പ്രണയത്തെക്കുറിച്ചുള്ള എല്ലാ കഥകളെയും തോല്‍പ്പിക്കുന്ന പച്ച ജീവിതമാണ് കാഞ്ചനേടത്തി. കൂട്ടിച്ചേര്‍ക്കലുകളൊന്നുമില്ലാത്ത ആ പ്രണയജീവിതം അക്ഷരങ്ങളിലും ദൃശ്യങ്ങളിലുമായി ഇതിനകം പലവട്ടം രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. മരണത്തിലേക്കു മറഞ്ഞ പ്രിയതമനായി തന്റെ പില്‍ക്കാല ജീവിതം സമര്‍പ്പിച്ച, അനേകം പേരുടെ കണ്ണീരൊപ്പിയ കാഞ്ചനേടത്തിയുടെ ജീവിതം എന്നാല്‍, ഇനിയും അതിന്റെ നാടകീയ വളവുതിരിവുകള്‍ കഴിഞ്ഞിട്ടില്ല. ഇത്രകാലം ജീവിച്ച ഇടം കൈമോശം വന്ന്, കോടതി കനിഞ്ഞുനല്‍കിയ ഇത്തിരി ഭൂമിയില്‍ അനേകം വലിയ സ്വപ്നങ്ങളുമായ കഴിയുകയാണ് നന്‍മയുടെ ആ വലിയ പെണ്‍മരം. വാഹനാപകടത്തില്‍ കാലിലെ എല്ലൊടിഞ്ഞ് ആറു മാസം കിടപ്പിലായിരുന്ന അവര്‍ ഇപ്പോഴാണ് ഏറെ നാള്‍ക്കുശേഷം ഒന്നു നിവര്‍ന്നു നിന്നത്. പ്രണയത്തിന്റെയും ദുരന്തത്തിന്റെ ആ പാഠപുസ്തകം വായിച്ചെടുക്കുന്നു, സരിത കെ വേണു. 



31 വര്‍ഷം മുമ്പ് നിര്‍ത്താതെ പെയ്ത ഒരു ഇടവപ്പാതിയുണ്ട്, കാഞ്ചനേടത്തിയുടെ ഓര്‍മ്മകളില്‍. പ്രണയം ഒരേ ഉയിരായി മാറ്റിയ രണ്ടു ജീവനെ വേര്‍പ്പിരിക്കാനായി മാത്രം കോരിച്ചൊരിഞ്ഞ ആ മഴക്കാലത്താണ് കാഞ്ചനേടത്തിക്ക് മൊയ്തീനെ നഷ്ടപ്പെട്ടത്.

സ്നേഹമുദ്രിതമായ ആ നാളുകളില്‍ നിഴല്‍പോലെ അവര്‍ക്കൊപ്പമുണ്ടായിരുന്നു, ഇരുവഴിഞ്ഞിപ്പുഴ. പുഴപോലൊഴുകുകയായിരുന്നു ആ പ്രണയവും. എന്നിട്ടും ആ മഴക്കാലത്ത്, പുഴ കാഞ്ചനയുടെ സര്‍വ സ്വപ്നങ്ങളും കെടുത്തിക്കളഞ്ഞു. പെരുമഴക്കൊപ്പം കരകവിഞ്ഞൊഴുകിയ പുഴ പഴയതുപോലെയായപ്പോള്‍ ഭൂമുഖത്ത് അയാളുണ്ടായിരുന്നില്ല. കാഞ്ചനയുടെ എല്ലാമെല്ലാമായ മൊയ്തീന്‍.

പിന്നീട്, കാഞ്ചനയുടെ ജീവിതം പഴയതുപോലെ ആയിരുന്നില്ല. അവര്‍ പുഴയെ മറന്നു. മൊയ്തീനെക്കുറിച്ചു മാത്രമോര്‍ത്തു. മൊയ്തീന്റെ ഓര്‍മ്മയില്‍ ഒരുപാടേറെ നല്ല കാര്യങ്ങള്‍ ചെയ്തു. ഒരു പാടു പേരുടെ കണ്ണീരൊപ്പി. പല മനുഷ്യര്‍ക്ക് തണലായി. അതു കഴിഞ്ഞിട്ടിപ്പോള്‍ മൂന്നു പതിറ്റാണ്ടു കവിഞ്ഞു. ഇപ്പോഴും പ്രണയത്തിന്റെ ജീവനുള്ള താജ്മഹലായി കാഞ്ചനേടത്തിയുണ്ട്. കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മുക്കത്തെ ബി.പി മൊയ്തീന്‍ സേവാമന്ദിറില്‍.

പ്രണയ വഴികള്‍

ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ കഴിയാത്ത പ്രണയമായിരുന്നു മൊയ്തീന്റെയും കാഞ്ചനയുടെയും. പ്രണയം എന്ന വാക്കു പോലും നിഷിദ്ധമായ കാലം. പൊതുപ്രവര്‍ത്തകനും പ്രമാണിയുമായ ബലിയമ്പ്ര പുറ്റാട്ട് ഉണിമോയിന്‍ സാഹിബിന്റെയും അരിപ്പറ്റമണ്ണില്‍ പാത്തുമയുടെയും മകനായിരുന്നു ബി പി മൊയ്തീന്‍. ആഢ്യ ഹിന്ദു കുടുംബമായ കൊറ്റങ്ങലിലെ അച്യുതന്റെയും ദേവികയുടെയും മകള്‍ കാഞ്ചന. ഇരുവര്‍ക്കും പരസ്പരം തോന്നിയ ഇഷ്ടം ആദ്യം നോട്ടത്തിലും ചിരിയിലും ഒതുങ്ങി.

പരമ്പരാഗതമായി ജന്‍മികളായിരുന്നു കൊറ്റങ്ങല്‍ തറവാട്ടുകാര്‍. രണ്ടു തറവാട്ടുകാരും നല്ല സൌഹൃദമായിരുന്നു. താഴക്കോട് യു.പി സ്കൂളിലെ ഒന്നിച്ചുള്ള പഠനത്തിനു ശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ഇരുവരും കോഴിക്കോട്ടേക്കു വന്നു. സ്കൂളിലേക്കുള്ള ബസ് യാത്രകളിലൂടെയാണ് അവര്‍ സ്വന്തം പ്രണയം തിരിച്ചറിഞ്ഞത്. കത്തുകളിലൂടെ, കഥകളിലൂടെ, കവിതകളിലൂടെ പ്രണയം വളര്‍ന്നു. ഒരു ചെറുചിരി മതിയായിരുന്നു, അവര്‍ക്കെല്ലാം മറക്കാന്‍.

സംഘര്‍ഷത്തിന്റെ തുടക്കം

അധികം വൈകാതെ സംഭവം ഇരുവരുടെയും വീട്ടിലറിഞ്ഞു. രണ്ടു തറവാടുകളും അവരുടെ സ്നേഹം അപമാനകരമായി കണക്കാക്കി. തന്റെ സുഹൃത്തുകൂടിയായ കൊറ്റങ്ങല്‍ അച്യുതനെ അപമാനിച്ചതിന് പരസ്യമായി മാപ്പുപറയണമെന്ന് ഉണ്ണിമോയിന്‍ മൊയ്തീനോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് മൊയ്തീന്‍. വാശി കൂടിയതോടെ രംഗം പ്രക്ഷുബദ്ധമായി. ബാപ്പ ഇരട്ടക്കുഴല്‍ തോക്കെടുത്തു. ബാപ്പയോടുള്ള എല്ലാ ബഹുമാനവും പ്രകടിപ്പിച്ചു കൊണ്ടുതന്നെ മൊയ്തീന്‍ നെഞ്ചുവിരിച്ചു നിന്നു. അന്നയാള്‍ വീട്ടില്‍ നിന്ന് പുറത്തായി. കൊറ്റങ്ങലിലും അതുതന്നെയായിരുന്നു സ്ഥിതി. ജീവിതമുണ്ടെങ്കില്‍ അത് മൊയ്തീനോടൊപ്പമെന്ന് കാഞ്ചന ഉറപ്പിച്ചു പറഞ്ഞു. അവര്‍ വീട്ടുതടങ്കലിലായി. അദൃശ്യമായ പുഴയായി പ്രണയം മനസ്സില്‍ നിറഞ്ഞതിനാല്‍ ഇരുവരും പ്രതീക്ഷകളാല്‍ ആ ദിവസങ്ങള്‍ അതിജീവിക്കാന്‍ ശ്രമിച്ചു.

കമ്യൂണിസ്റ്റായിരുന്ന അമ്മാവന്‍ ഉമ്മര്‍ക്കുട്ടിയാണ് മൊയ്തീന് അഭയമായത്. ഇതിനിടെ ജീവിതം പലവിധം മൊയ്തീനെ പരീക്ഷിച്ചു. വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. കാഞ്ചനയെ മറക്കാന്‍ ഉപദേശിച്ചു. എല്ലായ്പ്പോഴും മൊയ്തീന്‍ തന്റെ വാക്കില്‍ ഉറച്ചു നിന്നു. ബാപ്പ ഉമ്മയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു. അങ്ങനെ മൊയ്തീനും ഉമ്മയും വേറെ വീട്ടിലേക്ക് താമസംമാറ്റി. ആ വീടിനെ അദ്ദേഹം വിളിച്ചിരുന്നത് ഭാര്‍ഗവീനിലയമെന്നാണ്.

തീരാത്ത തടസ്സങ്ങള്‍

പ്രശ്നങ്ങള്‍ക്കിടയിലും അവര്‍ പരസ്പരം വിശ്വസിച്ചു എന്നെങ്കിലും ഒന്നാവുമെന്ന പ്രത്യാശയോടെ കഴിഞ്ഞു. കാഞ്ചന വീട്ടുതടങ്കലിലായിരുന്നു. ഒരു വിധവയെപ്പോലെ വെള്ളവസ്ത്രം മാത്രമുടുത്ത് ഒരു പാട് കാലം അവര്‍ കഴിഞ്ഞു. ആദ്യ വര്‍ഷങ്ങളില്‍ ഇവര്‍ക്ക് കാണാന്‍ പോലും അവസരമുണ്ടായില്ല. എക ആശ്വാസം വല്ലപ്പോഴും കൈമാറിയിരുന്ന കത്തുകളായിരുന്നു.

ഒളിച്ചോടാന്‍ തീരുമാനിച്ചപ്പോഴൊക്കെ ഒരോ തടസ്സങ്ങള്‍; അനുജത്തിമാരുടെ വിവാഹം,സഹോദരന്റെയും അച്ഛന്റെയും ബാപ്പയുടെയും മരണം, അസുഖങ്ങള്‍ എന്നു വേണ്ട വിധി അവരെ പലവിധം പരീക്ഷിച്ചുകൊണ്ടേയിരുന്നു. ബസ്സിലോ തോണിയിലോ ഉള്ള യാത്രകളില്‍ അവര്‍ കണ്ടുമുട്ടുമായിരുന്നു. അപ്പോഴൊക്കെ ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം കൈമാറി. കൂടെ എപ്പോഴും ആളുകളുണ്ടാവും.

ഇതിനിടയില്‍ പലരംഗങ്ങളിലും മൊയ്തീന്‍ ശോഭിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്നു മൊയ്തീന്‍.മുപ്പതു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ആ ആഗസ്തില്‍ കല്യാണം നടത്താം എന്നായിരുന്നു തീരുമാനം.

പുഴ കരകവിഞ്ഞ നാള്‍

അന്ന് 1982ലെ ജൂലൈ 15 ആയിരുന്നു. കാഞ്ചന രാവിലെ എടവണ്ണപ്പാറയിലെ ഒരു ബന്ധുവീട്ടില്‍ പോയി. പോവുന്ന വഴി പതിവുപോലെ മൊയ്തീനുള്ള കത്ത് പോസ്റ് ചെയ്തു. മടക്കയാത്രയില്‍ അവളെത്തേടി ആ വാര്‍ത്തയെത്തി. ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു. ആടിയുലഞ്ഞ പുഴയില്‍ തോണിമറിഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തിയ മൊയ്തീനെ കാണാതായി.

അപകടത്തില്‍പ്പെട്ട അനേകം പേരെ രക്ഷിച്ചാണ് മൊയ്തീന്‍ മരണത്തിലേക്ക് നീന്തിമറഞ്ഞത്. സ്വന്തം ജീവന്‍ മറന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ ആ മനുഷ്യന്റെ നഷ്ടം ഏറെ വലുതായിരുന്നു,നാടിന്. എന്നാല്‍, കാഞ്ചനയ്ക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതം തന്നെയാണ്. ഈ ലോകം തന്നെ. മൊയ്തീനില്ലാത്ത ജീവിതത്തില്‍നിന്ന് മരണത്തിലേക്ക് അറ്റു വീഴുക മാത്രയിരുന്നു ശേഷിക്കുന്ന വഴി. അതിനവര്‍ കിണഞ്ഞുശ്രമിച്ചു. ഏഴുദിവസത്തിനുള്ളില്‍ 25 ഓളം ആത്മഹത്യാശ്രമങ്ങള്‍. ഒരു പോള കണ്ണടയ്ക്കാതെ ഉറ്റവര്‍ കാഞ്ചനയുടെ ജീവന്‍ സൂക്ഷിച്ചു.

അതിജീവനത്തിന്റെ നാളുകള്‍

അങ്ങനെയങ്ങനെ അനേകം ദിനങ്ങള്‍. ആറു മാസങ്ങള്‍. വിധവയുടെ വെള്ള ഉടുപ്പിനാല്‍ ഉടല്‍ മൂടി ജീവിതത്തെ നേരിടന്‍ തന്നെ ഉറച്ചു, കാഞ്ചന. തനിക്കില്ലാതെ പോയ ജീവിതാനന്ദങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കണമെന്ന് അവര്‍ ഉറച്ചു. മൊയ്തീന്റെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍. ഇതിനിടെ, കാഞ്ചനയെ തേടി ഒരാളെത്തി. മൊയ്തീന്റെ ഉമ്മ. ഇപ്പോഴില്ലാത്ത മകന്റെ ഭാര്യയായി അവര്‍ കാഞ്ചനയെ അംഗീകരിച്ചു. കാഞ്ചനയെ അവര്‍ സ്വന്തം വീട്ടിലേക്കു കൂട്ടി.

1960ല്‍ ആരംഭിച്ച അനിതാ ചില്‍ഡ്രന്‍സ് ക്ലബ്ബിന്റെ പാട്രണായിരുന്നു മരിക്കുന്നത് വരെ മൊയ്തീന്‍. അദ്ദേഹത്തിന്റെ മരണശേഷം മൊയ്തീന്‍ നോക്കിനടത്തിയിരുന്ന പല സന്നദ്ധ സംഘടനകളെയും ഒന്നാക്കി ബി പി മൊയ്തീന്‍ സേവാ മന്ദിര്‍ എന്നപേരില്‍ ഒറ്റസ്ഥാപനമായി മാറ്റി, കാഞ്ചന. നിരവധി പേര്‍ക്ക് അത് ആശ്രയവാതിലായി. അനേകം പേരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരാലംബര്‍ക്കും സേവാമന്ദിര്‍ തണലേകി.

കാലം പോകെ, കാര്യങ്ങള്‍ മാറിമറിഞ്ഞു തുടങ്ങി. മൊയ്തീന്റെ ബന്ധുക്കളില്‍ ചിലര്‍ സേവാ മന്ദിറിന്റെ അവകാശങ്ങള്‍ക്കായി കോടതി കയറി. ഒരു വ്യാഴവട്ടക്കാലം സേവാ മന്ദിറിന്റെ ഭൂമിക്കു വേണ്ടി കേസ് നടന്നു. സാങ്കേതികതയുടെ ഇഴ കീറിയ നിയമങ്ങള്‍ പക്ഷേ, കാഞ്ചനേടത്തിക്ക് എതിരുനിന്നു.

തീര്‍ന്നില്ല, ഇനിയും പറയാനുണ്ട്...

2008 ജൂണിലാണ് കാഞ്ചനേടത്തിയെ അവസാനമായി കണ്ടത്. അന്നവര്‍ സേവാ മന്ദിറിലായിരുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞായിരുന്നു അന്ന് അവിടെ നിന്നിറങ്ങിയത്. അഞ്ചുവര്‍ഷത്തിനുശേഷം, ഇന്നലെ വീണ്ടും അവിടെയെത്തിയപ്പോള്‍ അവിടെ ബി പി മൊയ്തീന്‍ സേവാമന്ദിര്‍ എന്ന ബോര്‍ഡോ, സ്ഥാപനമോ കണ്ടില്ല.

കുറേ തെരഞ്ഞപ്പോള്‍ നാട്ടുകാരിലാരോ ആണ് അത് കാണിച്ചു തന്നത്. പൊടിപാറിയൊരു ഒരു പറമ്പ്. അതിന്റെ പിറകില്‍ ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ 14 ലക്ഷത്തോളം വിലമതിക്കുന്ന പുസ്തകങ്ങള്‍ നിറഞ്ഞ ലൈബ്രറി. വൈദ്യുതിയും വെളിച്ചവുമില്ലാതെ, ഒരു മുറിയില്‍ കാഞ്ചനേടത്തി!

നടക്കാന്‍ വയ്യായിരുന്നു അവര്‍ക്ക്. റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് കാലിന്റെ രണ്ട് എല്ലുകള്‍ തകര്‍ന്നു. ആറുമാസത്തോളം കിടപ്പിലായിരുന്നു. ചികില്‍സ കഴിഞ്ഞു. എന്നാല്‍, ഇപ്പോഴും പൂര്‍ണമായും ഭേദദമായിട്ടില്ല കാലിന്റെ അവസ്ഥ.

എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന ഒരു താല്‍ക്കാലിക മുറിയിലാണ് രണ്ട് വര്‍ഷത്തോളമായി കാഞ്ചനേടത്തി. കൃത്യമായി പറഞ്ഞാല്‍ ഒരുവര്‍ഷവും എഴുമാസവും. കേസ് ഒത്തുതീര്‍ന്നപ്പോള്‍ ലഭിച്ച 7.2 സെന്റുഭൂമിയാണ് ഇത്. അതാണിപ്പോള്‍ സേവാമന്ദിറിന്റെ ഭൂമി. അതില്‍ സ്വന്തം കെട്ടിടം പണിയുക എന്നതാണ് കാഞ്ചനേടത്തിയുടെ ആശ. കുട്ടികള്‍ക്കായി ഒരു ഹോളിഡെ കെയര്‍ സെന്റര്‍, വയസ്സായവര്‍ക്ക് സായാഹ്നസ്വര്‍ഗം എന്ന കെയര്‍ സെന്റര്‍, ഷോര്‍ട് സ്റ്റേ ഹോം തുടങ്ങി ഇനിയുമുണ്ട് ആഗ്രഹങ്ങള്‍.

ബി.പി മൊയ്തീന്‍ സേവാമന്ദിറിന് സ്വന്തമായി ഒരുകെട്ടിടമാണ് ഇന്ന് കാഞ്ചനേടത്തിയുടെ സ്വപ്നം. മാനം കറുത്താല്‍ കാഞ്ചനേച്ചിക്ക് പേടിയാണ്, മഴവരുമോ എന്ന ആകുലത.

ഏറെ നേരം സംസാരിച്ചു തിരിച്ചിറങ്ങുന്നേരം വെറുതെ പ്രണയദിനത്തെക്കുറിച്ച് ആരാഞ്ഞു. മാധ്യമപ്രവര്‍ത്തകയെന്ന നിലയിലുള്ള ഒരു സാധാരണ ചോദ്യം. വറ്റിയ കണ്ണുനീരിന്റെ ഇരുണ്ട അടയാളങ്ങള്‍ ചാലിച്ചു കിടക്കുന്ന കണ്ണുകള്‍ അകലേക്ക് നട്ട് അവര്‍ ചിരിച്ചു. എനിക്കെന്ത്, പ്രണയദിനം മോളേ എന്ന ചോദ്യമായിരുന്നു അത്. അതിനു മുന്നില്‍ മറുപടികളില്ലായിരുന്നു, എനിക്ക്. വെറുതെ ചിരിച്ച് ഞാന്‍ തിരിഞ്ഞുനടന്നു.



--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment