Friday, 8 February 2013

҉YOUR-MAILS GROUP ҉ ലക്ഷങ്ങള്‍ മോഷ്ടിച്ച എ.ടി.എം. കള്ളന്മാര്‍ പിടിയില്‍




ലക്ഷങ്ങള്‍ മോഷ്ടിച്ച എ.ടി.എം. കള്ളന്മാര്‍ പിടിയില്‍


തിരുവനന്തപുരം: ഇന്ത്യയിലൊട്ടാകെ അറുപതോളം എ.ടി.എം. കൗണ്ടറുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കവര്‍ന്ന യുവാക്കളെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡില്‍ ഛത്രക് ജില്ലയിലെ കാബിയ ജൂഡ്‌കോരി പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന മനീഷ്‌കുമാര്‍ സിങ് (22), ബാംഗ്ലൂര്‍ നാഗസാന്ത്ര ദൊട്ടബിനുക്കല്‍ മാറന്നലെ ഔട്ട് എച്ച് നമ്പര്‍-6 ല്‍ താമസിക്കുന്ന അരുണ്‍കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് എ.ടി.എം. ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളില്‍ നിന്നാണ് ഇരുവരും ലക്ഷക്കണക്കിനു രൂപ കവര്‍ന്നത്. രാവിലെ കറങ്ങിനടന്ന് എ.ടി.എം. കൗണ്ടറുകള്‍ കണ്ടുവെച്ച് ഉച്ചയ്ക്കുശേഷമാണ് ഇവര്‍ മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. മനീഷ്‌കുമാര്‍ സിങ് ആദ്യം എ.ടി.എം. കൗണ്ടറില്‍ പ്രവേശിച്ച് മെഷീനിലെ എന്‍റര്‍ കീ തീപ്പെട്ടിക്കൊള്ളിയും പശയും ഉപയോഗിച്ച് അമര്‍ത്തി വയ്ക്കും. തുടര്‍ന്ന് കൗണ്ടറില്‍ തന്നെയുള്ള രണ്ടാമത്തെ മെഷീനില്‍ പണമെടുക്കാനെന്ന വ്യാജേന നില്‍ക്കും. ഇതിനകം ആദ്യ കൗണ്ടറില്‍ എത്തുന്ന ഇടപാടുകാര്‍ എ.ടി.എം. കാര്‍ഡ്ഇട്ടശേഷം പിന്‍ നമ്പര്‍ അമര്‍ത്തും. തുടര്‍ന്ന് എന്‍റര്‍ കീ അമര്‍ത്തുമ്പോള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനം നടക്കില്ല. ഇതോടെ ഇടപാടുകാരന്‍ പണം എടുക്കാനാവാതെ എ.ടി.എം. കാര്‍ഡുമായി മടങ്ങും. തൊട്ടടുത്ത മെഷീനു സമീപം നില്‍ക്കുന്ന മനീഷ്‌കുമാര്‍ സിങ് ഇടപാടുകാരന്റെ പിന്‍ നമ്പര്‍ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും. തുടര്‍ന്ന് എ.ടി.എം. കൗണ്ടറില്‍ എത്തി തീപ്പെട്ടിക്കൊള്ളി ഇളക്കിമാറ്റി എന്‍റര്‍ കീ ശരിയാക്കിയശേഷം പിന്‍ നമ്പര്‍ ഒന്നുകൂടി അമര്‍ത്തി പണം പിന്‍വലിക്കുകയാണ് രീതിയെന്ന് പോലീസ് പറഞ്ഞു.

ഇത്തരത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഏഴു കേസുകളും പൂജപ്പുര സ്റ്റേഷനില്‍ മൂന്നു കേസുകളും നിലവിലുണ്ട്. 40000, 35000, 20000 രൂപ എന്നിങ്ങനെയാണ് മനീഷ്‌കുമാര്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നത്. ഇത്തരത്തില്‍ നിരവധി എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചശേഷം ബാംഗ്ലൂരിലെത്തി ആഡംബരജീവിതം നയിക്കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.

എ.ടി.എം. കൗണ്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ മനീഷ്‌കുമാറിന്റെ ചിത്രം പതിഞ്ഞിരുന്നു. സിറ്റി പോലീസിന്റെ മിഷന്‍ 30 ഡെയ്‌സിന്റെ ഭാഗമായ അന്വേഷണത്തിനിടെ ഇരുവരും പി.എം.ജിയിലെ ഒരു എ.ടി.എം. കൗണ്ടറിനുസമീപത്തു നിന്നും പിടിയിലാവുകയായിരുന്നു. കന്‍േറാണ്‍മെന്‍റ് എ.സി.എം.ജി. ഹരിദാസ്, മ്യൂസിയം എസ്.ഐ. ആര്‍. ശിവകുമാര്‍, എ.എസ്.ഐ. നിത്യദാസ്, സിറ്റി ഷാഡോ ടീമിലെ അരുണ്‍രാജ്, രഞ്ജിത്ത്, ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.

തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ കേസുള്ളതായി തെളിഞ്ഞിട്ടുണ്ട്. അരുണ്‍കുമാര്‍ ബാംഗ്ലൂരില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്നും മനീഷ്‌കുമാര്‍ സിങ് ബാംഗ്ലൂരില്‍ എ.ടി.എം. മോഷണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

Mathrubhumi
.


--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment